കേരളം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണക്കേസ്: സിബിഐ പുനരന്വേഷണം തുടങ്ങി; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി, അപകടസ്ഥലം സന്ദർശിച്ചു

തിരുവനന്തപുരം | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണക്കേസിൽ പുനരന്വേഷണം ആരംഭിച്ച് സിബിഐ കൊച്ചി യൂണിറ്റിലെ അഴിമതി നിരോധന വിഭാഗം എസ്പി വി.ദേവരാജിന്റെ നേതൃത്വത്തിലുള്ള സംഘം. ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണിയുടെയും മാതാവ് ബി.ശാന്തകുമാരിയുടെയും മൊഴി രേഖപ്പെടുത്തി.

തിരുവനന്തപുരം പള്ളിപ്പുറത്തെ അപകടസ്ഥലവും സന്ദർശിച്ചു. 2018 സെപ്റ്റംബർ 25ന് പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപം കാർ മരത്തിലിടിച്ചായിരുന്നു അപകടം. മകൾ തേജസ്വിനി അപകടസ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയുമാണു മരിച്ചത്. ഭാര്യ ലക്ഷ്മി ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.

മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ 20 സാഹചര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത തേടുകയാണ് അന്വേഷണ സംഘത്തിന്റെ ആദ്യ ലക്ഷ്യം. സിബിഐയിലെ അഡിഷനൽ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കഴിഞ്ഞ മാസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന മൂന്നാമത്തെ അന്വേഷണമാണിത്. ആദ്യസംഘം അപകടമരണമെന്ന നിഗമനത്തിലാണ് എത്തിയത്. സ്വർണക്കടത്തു സംഘത്തിന് പങ്കുണ്ടെന്ന മാതാപിതാക്കളുടെ പരാതിയിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം തുടരന്വേഷണം നടത്തിയ സിബിഐ ഇൻസ്പെക്ടർ പഴയ കണ്ടെത്തലുകൾ ആവർത്തിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി.

ഇതിനെതിരെ മാതാപിതാക്കൾ ആദ്യം മജിസ്ട്രേട്ട് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു