വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനേഴുകാരി പ്രസവിച്ചു; 18 വയസ്സുകാരൻ പിടിയിൽ
കൊല്ലം | വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച, പരവൂർ സ്വദേശിയായ പതിനേഴുകാരി പ്രസവിച്ചു. ബൈക്ക് മോഷണം, കട കുത്തിത്തുറന്ന് മോഷണം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പെൺകുട്ടിയുടെ കുടുംബ സുഹൃത്തുമായ 18 വയസുകാരൻ പിടിയിൽ!
കുളത്തൂപ്പുഴ സ്വദേശിയായ അരുൺ ആണ് പിടിയിലായത്. ഇവർ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഒന്നരവർഷം മുമ്പ് പതിനേഴുകാരിയെ കാണാനില്ലെന്ന പരാതിയിൽ അരുണിനെതിരെ പരവൂർ പൊലീസ് പോക്സോ കേസെടുത്തിരുന്നു. ഇരുവരെയും കണ്ടെത്തിയെങ്കിലും പരവൂരിലെ വീട്ടിലേക്ക് പോകാതെ പെൺകുട്ടി കുളത്തൂപ്പുഴയിൽ താമസിക്കുകയായിരുന്ന. കഴിഞ്ഞയാഴ്ചയാണ് വയറുവേദനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൺകുട്ടിക്ക് ജന്മം നൽകിയതിന് പിന്നാലെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അരുണിനെതിരെ കേസെടുക്കുകയായിരുന്നു. പീഡനം നടന്നത് പതിനെട്ട് വയസ് തികയും മുമ്പായതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ അരുണിന് നിർദ്ദേശം നൽകും. നിലവിൽ പ്രതി കാസർകോട്ട് ടാപ്പിംഗ് തൊഴിലാളിയാണ്.
