കേരളം

സർക്കാർ ആശുപത്രികളിൽ ഇനി ദിവസവും മിന്നൽ പരിശോധന; വീഴ്ചകൾ കണ്ടെത്തി ഉടൻ നടപടിക്ക് മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം | സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി എല്ലാ ദിവസവും മിന്നൽ പരിശോധന. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സയും സേവനങ്ങളും ഉറപ്പാക്കാനും എല്ലാ ജില്ലകളിലും ദിവസവും ഒരു പ്രധാന ആശുപത്രിയിൽ മിന്നൽ പരിശോധന നടത്താൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഇതിനായി ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ല മെഡിക്കൽ ഓഫിസർമാർ, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർമാർ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കൽ ഓഫിസർമാർ, ആർദ്രം നോഡൽ ഓഫിസർമാർ എന്നിവരുടെ നേതൃത്വത്തിൽ അതത് ജില്ലകളിലെ പ്രധാന ആശുപത്രികളിൽ ദിവസേന അപ്രതീക്ഷിത പരിശോധന നടത്തണം.

ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഹാജർ, കൃത്യനിഷ്ഠ, ആശുപത്രി പരിസരങ്ങളിലെ ശുചിത്വം, ഓപറേഷൻ തിയറ്റർ, ഐ.സി.യു, അത്യാഹിത വിഭാഗം എന്നിവയുടെ പ്രവർത്തനം എന്നിവ പരിശോധിക്കും. രോഗികളുടെ കൂട്ടിരിപ്പുകാരുമായി നേരിട്ട് സംസാരിച്ച് ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം, സൗകര്യങ്ങളുടെ ലഭ്യത, പരാതികൾ, ബുദ്ധിമുട്ടുകൾ എന്നിവ മനസ്സിലാക്കും. കിടത്തിച്ചികിത്സാ വിഭാഗങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രി ഫാർമസികളിലെ മരുന്നുകളുടെ ലഭ്യത, കാലാവധി കഴിഞ്ഞ മരുന്നുകൾ സ്റ്റോക്കിലോ വിതരണത്തിലോ ഇല്ലെന്ന് ഉറപ്പാക്കൽ, പ്രൊസീജിയർ റൂമുകളുടെ പ്രവർത്തനവും പരിപാലനവും എന്നിവയും പരിശോധിക്കും.

പരിശോധനയിൽ കണ്ടെത്തുന്ന പോരായ്മകൾ, സ്വീകരിച്ച തിരുത്തൽ നടപടികൾ, തുടർനടപടികൾ ആവശ്യമായ വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വിശദ റിപ്പോർട്ട് എല്ലാ ദിവസവും വൈകിട്ട് നാലിന് മുമ്പ് ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർക്ക് (മെഡിക്കൽ) സമർപ്പിക്കും. ഇത് ക്രോഡീകരിച്ച് പ്രതിമാസ റിപ്പോർട്ട് സർക്കാറിന് സമർപിക്കാനും നിർദേശമുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു