കോഴിക്കോട് ബീച്ചിൽ മലിനജലം കെട്ടിക്കിടന്ന് രൂക്ഷമായ ദുർഗന്ധം; സന്ദർശകർ ദുരിതത്തിൽ, ശാസ്ത്രീയ ഡ്രെയിനേജ് സംവിധാനം വേണമെന്ന് ആവശ്യം
കോഴിക്കോട് | ദിനംപ്രതി നൂറുകണക്കിനാളുകൾ എത്തുന്ന കോഴിക്കോട് ബീച്ചിൽ മലിനജലം കെട്ടിക്കിടക്കുന്നത് സന്ദർശകർക്ക് ദുരിതമാകുന്നു. ബീച്ചിലേക്കും നടപ്പാതകളിലേക്കും ഒഴുകിയെത്തുന്ന മലിനജലവും രൂക്ഷമായ ദുർഗന്ധവും കാരണം മൂക്ക് പൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ്. സായാഹ്നങ്ങളിൽ കുടുംബസമേതം എത്തുന്നവരും പ്രഭാത-സായാഹ്ന നടത്തത്തിനായി ബീച്ചിനെ ആശ്രയിക്കുന്നവരുമാണ് ഏറെ പ്രയാസം നേരിടുന്നത്.
ബീച്ചിലെ കടകളിൽ നിന്നുള്ള മലിനജലം കോർപ്പറേഷന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്ന സംവിധാനമുണ്ടെങ്കിലും കൃത്യമായ ഡ്രെയിനേജ് സംവിധാനത്തിന്റെ അഭാവമാണ് പ്രശ്നത്തിന് കാരണം. മലിനജലം ഒഴുകിപ്പോകാതെ പലയിടങ്ങളിലും കെട്ടിക്കിടക്കുകയാണ്. മഴ പെയ്യുന്നതോടെ വെള്ളക്കെട്ട് രൂപപ്പെടുകയും ദുർഗന്ധം രൂക്ഷമാവുകയും ചെയ്യും. നടപ്പാതകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നതിനാൽ സന്ദർശകർക്ക് സുഗമമായി നടക്കാനും കഴിയുന്നില്ല. ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ ആളുകൾ എത്തുന്ന ബീച്ചിലെ ഈ സാഹചര്യം വിനോദസഞ്ചാരികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബീച്ചിൽ കൂടുതൽ സമയം ചെലവഴിക്കാനോ കുട്ടികളുമായി നടക്കാനോ കഴിയാത്ത സ്ഥിതിയാണെന്ന് സന്ദർശകർ പറയുന്നു. മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെ പെരുപ്പത്തിനും പകർച്ചവ്യാധികൾക്കും കാരണമാകുമെന്ന ആശങ്കയുമുണ്ട്.
നിലവിലുള്ള രീതിയിൽ മലിനജലം നീക്കം ചെയ്യുന്നത് പ്രശ്നത്തിന് ശാശ്വത പരിഹാരമാവില്ല. മലിനജലം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുന്നതിന് ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താത്കാലിക നടപടികൾക്കപ്പുറം പ്രശ്നത്തിന്റെ അടിസ്ഥാനകാരണം പരിഹരിക്കാൻ കോർപ്പറേഷൻ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
