കോഴിക്കോട്

ശശി തരൂരിന്റെ ഇടപെടൽ; കോഴിക്കോട്- ജിദ്ദ സർവീസ് ഡിസംബർ ഒന്നിന് പുനരാരംഭിക്കും

ജിദ്ദ | സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ വിമാന സർവീസുകൾ നിലച്ചതിനെത്തുടർന്ന് ദുരിതത്തിലായ പ്രവാസികളുടെ യാത്രാപ്രശ്‌നത്തിൽ ഇടപെട്ട് തിരുവനന്തപുരം എം.പി ഡോ. ശശി തരൂർ. ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനറും വ്യോമയാന-ട്രാവൽ മാനേജ്മെന്റ് കൺസൾട്ടന്റുമായ കെ.ടി.എ. മുനീർ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡുവിനും അദ്ദേഹം കത്തയച്ചു. അതേസമയം, ഡിസംബർ ഒന്നുമുതൽ കോഴിക്കോട്-ജിദ്ദ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത റൂട്ടുകളിൽ ഇൻഡിഗോ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ ആദ്യവാരം മുതൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, ആകാശ് എയർ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതോടെ 25 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളാണ് യാത്രാപ്രതിസന്ധിയിലായത്. പ്രത്യേകിച്ച് മലയാളികൾക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര വലിയ സാമ്പത്തിക ബാധ്യതയായി മാറി. വിമാനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് രണ്ടും മൂന്നും ഇരട്ടിയായി ഉയർന്നതും പ്രതിസന്ധി രൂക്ഷമാക്കി.

ചികിത്സാ ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കുമായി അടിയന്തരമായി നാട്ടിലെത്തേണ്ടവരും എക്‌സിറ്റ്‌റീഎൻട്രി, ഫൈനൽ എക്‌സിറ്റ് വിസകളുടെ കാലാവധി അവസാനിക്കാറായ തൊഴിലാളികളുമാണ് ഏറെ പ്രയാസത്തിലായത്. യാത്ര മുടങ്ങുന്നതുമൂലം വിസാ കാലാവധി ലംഘിക്കുന്നവർക്ക് പിഴയും തൊഴിൽ നഷ്ടവും നേരിടേണ്ട സാഹചര്യമുണ്ടെന്നും നവംബർ 12ന് സമർപ്പിച്ച നിവേദനത്തിൽ കെ.ടി.എ. മുനീർ ചൂണ്ടിക്കാട്ടിയിരുന്നു.

നവംബർ 20ന് കേന്ദ്ര മന്ത്രിമാർക്ക് അയച്ച കത്തുകളിൽ യാത്രാപ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. സുരക്ഷിതമായ ബദൽ വ്യോമപാതകൾ ഉപയോഗിക്കുന്നതിനാൽ യാത്രാദൈർഘ്യം വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്, കൊച്ചി, ഹൈദരാബാദ്, ലക്‌നൗ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് മുംബൈ, അഹമ്മദാബാദ്, കണ്ണൂർ തുടങ്ങിയ വിമാനത്താവളങ്ങളിൽ സാങ്കേതിക സ്റ്റോപ്പ് അനുവദിക്കണമെന്നാണ് പ്രധാന നിർദേശം.

ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ നിയമപരമായ നിരക്ക് പരിധി ഏർപ്പെടുത്തുക, അധിക സീറ്റുകളും ചാർട്ടർ സർവീസുകളും അനുവദിക്കുക, വിമാന സർവീസുകൾ മുടങ്ങിയതുമൂലം യാത്ര ചെയ്യാനാകാത്ത പ്രവാസികളുടെ വിസാ കാലാവധി പിഴയില്ലാതെ നീട്ടിനൽകാൻ സൗദി അധികൃതരുമായി അടിയന്തര നയതന്ത്ര ചർച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. നിവേദനത്തിന്റെ പകർപ്പ് സൗദിയിലെ ഇന്ത്യൻ അംബാസഡർ വിപുലിനും കൈമാറിയിരുന്നു.

ഇതിനിടെ, ഡിസംബർ ഒന്നുമുതൽ കോഴിക്കോട്-ജിദ്ദ റൂട്ടിൽ ഇൻഡിഗോ പ്രതിദിന സർവീസ് പുനരാരംഭിക്കും. ഡിസംബർ ഒന്നു മുതൽ ഏഴുവരെ കോഴിക്കോട്-ജിദ്ദ, മുംബൈ-മദീന, ഹൈദരാബാദ്-ജിദ്ദ റൂട്ടുകളിലും മുംബൈ-ജിദ്ദ റൂട്ടിൽ ഡിസംബർ മാസം മുഴുവനും സർവീസുകളുണ്ടാകും.

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും ജിദ്ദ, റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെ നിർത്തിവെച്ചിരിക്കുകയാണ്. ആകാശ് എയറിന്റെ ജിദ്ദ സർവീസുകൾ ഡിസംബർ 14 വരെയും റദ്ദാക്കിയിട്ടുണ്ട്. ബാധിക്കപ്പെട്ട യാത്രക്കാർക്ക് അധിക നിരക്കില്ലാതെ യാത്ര പുനഃക്രമീകരിക്കാനോ റീഫണ്ട് നേടാനോ അവസരമുണ്ടെന്ന് ആകാശ് എയർ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട്-ജിദ്ദ സർവീസ് പുനരാരംഭിക്കുന്നത് ആശ്വാസകരമാണെങ്കിലും കൊച്ചി, തിരുവനന്തപുരം, റിയാദ്, ദമാം സെക്ടറുകളിലെ പ്രതിസന്ധി തുടരുകയാണ്. മുഴുവൻ ഇന്ത്യൻ വിമാനക്കമ്പനികളും സുരക്ഷിതമായ വ്യോമപാതകളിലൂടെ സർവീസുകൾ പുനരാരംഭിക്കണമെന്നും വിസാ കാലാവധി അവസാനിക്കാറായ പ്രവാസി തൊഴിലാളികൾക്ക് ആവശ്യമായ നയതന്ത്ര പരിരക്ഷ ഉറപ്പാക്കണമെന്നും കെ.ടി.എ. മുനീർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു