കോഴിക്കോട്

കോഴിക്കോട് മാമി തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്: മുഹമ്മദ് ആട്ടൂരിനെ തട്ടിക്കൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച്; ഐ.പി.സി 365 ചേർത്ത് പുതിയ എഫ്.ഐ.ആർ

കോഴിക്കോട് | ഏറെ കോളിളക്കം സൃഷ്ടിച്ച മാമി തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിനെ തട്ടിക്കൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഐ.പി.സി 365-ാം വകുപ്പ് കൂടി ചേർത്ത് ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

2023 ഓഗസ്റ്റ് 21-നാണ് കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂരിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. അന്ന് വൈകിട്ട് ആറുമണിയോടെ കോഴിക്കോട് അരയിടത്തുപാലത്തുള്ള തന്റെ ഓഫീസിൽ നിന്ന് പള്ളിയിലേക്കെന്ന് പറഞ്ഞാണ് മാമി ഇറങ്ങിയത്.ഒരു മണിക്കൂറിന് ശേഷം താൻ ദൂരെയാണെന്നും വരാൻ വൈകുമെന്നും അറിയിച്ച് ഭാര്യ റുക്സാനയുടെ ഫോണിലേക്ക് സന്ദേശമെത്തി. അതിന് ശേഷം മാമിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഓഗസ്റ്റ് 21-ന് അരയിടത്തുപാലത്ത് നിന്ന് തലക്കുളത്തൂർ ഭാഗത്തേക്ക് പോയതായും, ഓഗസ്റ്റ് 22 ഉച്ചവരെ ഫോൺ തലക്കുളത്തൂർ പരിധിയിൽ ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.

ആദ്യം നടക്കാവ് പൊലീസും പിന്നീട് ഡി.സി.പിയുടെ സ്പെഷ്യൽ സ്ക്വാഡും അന്വേഷിച്ച കേസിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്നും, അന്വേഷണത്തിൽ ഉന്നതതല ഇടപെടലുകൾ നടക്കുന്നുണ്ടെന്നും കുടുംബം ആരോപിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലാതിരുന്ന കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

2024 സെപ്റ്റംബറിൽ പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളോടെ കേസ് വലിയ രാഷ്ട്രീയ വിവാദമായി മാറി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടക്കം ആരോപണങ്ങൾ ഉയർന്നതോടെയാണ് 2024 സെപ്റ്റംബറിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടർന്ന് നടത്തിയ പരിശോധനകളിൽ ആദ്യഘട്ട പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

മൂന്ന് വർഷത്തോടടുത്തിട്ടും മാമിക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, 2026 മേയ് മാസത്തിൽ മാമിയുടെ ഭാര്യ റുക്സാനയും കുടുംബവും മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ ക്രൈംബ്രാഞ്ച് മലപ്പുറം എസ്.പി കെ.വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിപുലീകരിച്ചു.

12 സൈബർ വിദഗ്ധരെയും വനിതാ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തുടങ്ങിയതോടെയാണ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവുണ്ടായത്. തട്ടിക്കൊണ്ടുപോകൽ വകുപ്പ് കൂടി ചേർത്ത് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ, മാമിയുടെ തിരോധാനത്തിന് പിന്നിലെ പ്രതികളിലേക്ക് ഉടൻ എത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും അന്വേഷണ സംഘവും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു