‘സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന തന്റെ അഭ്യർഥന ജനങ്ങൾ അനുസരിച്ചു; സ്വർണവില കുറഞ്ഞു’: പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി | സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന തന്റെ ആഹ്വാനം ജനങ്ങൾ ചെവിക്കൊണ്ടെന്നും പണം ലാഭിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ അഭ്യർഥന അനുസരിച്ച ജനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ജനങ്ങളുടെ ഈ നീക്കം സ്വർണവില കുറയാൻ കാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്ന് മുൻപ് ഞാൻ അഭ്യർഥിച്ചിരുന്നു. സ്വർണം വാങ്ങുന്നത് കുറഞ്ഞപ്പോൾ വില കുത്തനെ ഇടിഞ്ഞു. പണം ലാഭിക്കാൻ കഴിഞ്ഞെന്നാണ് ആളുകൾ ഇപ്പോൾ പറയുന്നത്. ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ ലാൽ ബഹാദൂർ ശാസ്ത്രി ആവശ്യപ്പെട്ടപ്പോൾ രാജ്യം അദ്ദേഹത്തിന്റെ ആഹ്വാനം അനുസരിച്ചതുപോലെ എന്റെ ആഹ്വാനവും അനുസരിച്ചു. രാജ്യം ഇപ്പോഴും അതേ സ്വഭാവം നിലനിർത്തുന്നതിൽ സന്തോഷമുണ്ട്’– പ്രധാനമന്ത്രി പറഞ്ഞു.
അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങരുതെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി മോദി രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക ആഘാതം മറികടക്കാനായിരുന്നു നിർദേശം. പെട്രോൾ, ഡീസൽ ഉപയോഗം ജനങ്ങൾ പരമാവധി കുറയ്ക്കണമെന്നും വിദേശ യാത്രകൾ ഒരു വർഷത്തേക്ക് മാറ്റിവയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു.
